പൊന്നാനി: ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബാകാൻ ഒരുങ്ങുകയാണ് നിളയോരപാത.
സംസ്ഥാനത്തെ നീളംകൂടിയ ടൂറിസംപാതകളിലൊന്നാണ് പൊന്നാനിയിലേത്. ആറുകിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാതയിലൂടെ നിളയുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാം. നിള ടൂറിസം പാലംകൂടി വന്നതോടെ പാതയിലൂടെയുള്ള യാത്ര ഹാർബറിലേക്കും നീണ്ടു. ജില്ലയിൽ ഏറ്റവുംകൂടുതൽ ആഭ്യന്തര സഞ്ചാരികളെത്തുന്ന ഇടമായി നിളയോരപാത മാറി.
നഗരസഭയുടെ ഇത്തവണത്തെ ബജറ്റിൽ ഒട്ടേറേ ബൃഹത് പദ്ധതികളാണ് നിളയോരപാത കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ യാഥാർഥ്യമായാൽ വലിയ മാറ്റമാണ് ഇവിടെയുണ്ടാകുക. ഇൻഫർമേഷൻ സെന്റർ, മിനി കൺവെൻഷൻ ഹാൾ, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ നിർമാണത്തിന് 80 ലക്ഷം രൂപ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും ഇതോടൊപ്പം നടക്കും. നിള ടൂറിസം പാലത്തിനുതാഴെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ റിജുവനേഷൻ പ്രോജക്ടും പാർക്കും ഒരുക്കുന്നതിന് നഗരസഭാവിഹിതമായി 40 ലക്ഷംരൂപയുമുണ്ട്. അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ സംസ്ഥാനപദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കും.
ഭാരതപ്പുഴയുടെ തുരുത്തുകൾ കേന്ദ്രീകരിച്ച് ‘പൊന്നാനി ഐലന്റ് ടൂറിസം’ എന്നപേരിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതികളും ഇവിടെയായിരിക്കും. നിളയോര പാതയിൽ നബാർഡിന്റെ സഹായത്തോടെ ‘ഫുഡ് ഓൺ വീൽസ്’ എന്ന പേരിൽ ഫുഡ് സ്ട്രീറ്റും വയോജനങ്ങൾക്കും വനിതകൾക്കും വ്യായാമത്തിനായി കലിസ്ഥാനിക് പാർക്ക് എന്നിവയും ആരംഭിക്കാനിരിക്കുന്ന പദ്ധതികളാണ്.
നിർമാണം പൂർത്തീകരിച്ച മൂന്നുപദ്ധതികൾ ശനിയാഴ്ച വൈകീട്ട് 5.30-ന് മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിക്കും. വഴിയോര വിശ്രമകേന്ദ്രം- ടേക്ക് എ ബ്രേക്ക്, പുഴമുറ്റം പാർക്ക്, വാട്ടർ എ.ടി.എം. എന്നിവയാണവ. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, കലിസ്ഥാനിക് പാർക്ക്, മോത്തിലാൽഘട്ട് ഓപ്പൺ എയർ ഓഡിറ്റോറിയം, മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി സെന്റർ, ഹാപ്പിനെസ് പാർക്ക് എന്നിവയുടെ നിർമാണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ നടക്കുന്ന നഗരസഭ ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള കുടുംബശ്രീ കാർണിവലിന് വേദിയാകുന്നതും നിളയോരപാതയാണ്.