പൊന്നാനി : മാലിന്യമുക്ത നവകേരളം പ്രചാരണപരിപാടി മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യുവജനശക്തിയെ വിനിയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി എം.ബി. രാജേഷ്.
ഭാവിയുടെ വാഗ്ദാനവും സമൂഹത്തിന്റെ കരുത്തുമായ യുവജനങ്ങളെ ഒഴിച്ചുനിർത്തി മാറ്റം സാധ്യമാകില്ല. യുവതയുടെ ഇടപെടൽ സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും മാലിന്യസംസ്‌കരണരംഗത്ത് യുവതീയുവാക്കളുടെ ഇടപെടൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു. നിള ടൂറിസം പാതയോരത്തെ വിവിധ പദ്ധതികളുടെയും കുടുംബശ്രീ കാർണിവലിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വഴിയോര വിശ്രമകേന്ദ്രം-ടേക്ക് എ ബ്രേക്ക്, പുഴമുറ്റം പാർക്ക്, വാട്ടർ എ.ടി.എം. എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, കലിസ്ഥാനിക് പാർക്ക്, മോത്തിലാൽഘട്ട് ഓപ്പൺ എയർ ഓഡിറ്റോറിയം, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, ഹാപ്പിനെസ് പാർക്ക് എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. നിളയോരപാതയിൽ കുടുംബശ്രീ ഒരുക്കുന്ന കാർണിവൽ തിങ്കളാഴ്ച സമാപിക്കും. ചടങ്ങിൽ കുടുംബശ്രീ അംഗങ്ങളുടെ സംരംഭമായ ‘മൈ ലേഡി’യുടെ ലോഗോ പ്രകാശനവും നടന്നു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, രജിഷ് ഊപ്പാല, ഒ.ഒ. ഷംസു, ഷീന സുദേശൻ, ടി. അബ്ദുൽ ബഷീർ, അജീന ജബ്ബാർ, കവിതാ ബാബു, സി.പി. മുഹമ്മദ് കുഞ്ഞി, സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.