എടപ്പാൾ : നിയമം പലതുമുണ്ടാകും. ഒരു മരം മുറിച്ചാൽ പത്തു മരം നടണമെന്നതും നിയമമാണ്. എന്നാൽ നിയമങ്ങളെല്ലാം നടപ്പിലാവില്ല എന്നതിനു തെളിവാണ് എടപ്പാളിലെ പുതിയ കാഴ്‌ച.
എടപ്പാൾ പട്ടാമ്പി റോഡിൽ പഴയകാലത്ത് തണൽവിരിച്ച ഒരു മരമുണ്ടായിരുന്നു. ടൗൺ കഴിഞ്ഞ് വട്ടംകുളം ഇറക്കംവരെ ഇരുവശവും എണ്ണമറ്റ കൂറ്റൻ ഇരുമ്പകമരങ്ങൾ നിറഞ്ഞിരുന്ന ഈ വീഥിയിൽ വെയിലും മഴയുമൊന്നും ജനത്തിനു പ്രശ്‌നമായിരുന്നില്ല.
സുരക്ഷാകവചമായി മരങ്ങളുണ്ടായിരുന്ന ആ പാത ഇന്ന് ഓർമയാണ്. അവിടവിടങ്ങളിൽ അപവാദമായി കുറച്ചെണ്ണംകൂടി ഉണ്ടെന്നല്ലാതെ. ശേഷിച്ചവയ്ക്കെല്ലാം ടൗൺ വികസനത്തിന്റെ പേരിൽ കോടാലി വീണു. ഇപ്പോൾ നേതാജി ബൈപ്പാസ് റോഡിനു സമീപത്തെ വലിയ മരം ഉണങ്ങിയപ്പോൾ മുറിച്ചുമാറ്റിയിരുന്നു.
മരം നിന്ന തറപോലും അവശേഷിപ്പിക്കാതെ പൊളിച്ചുകളഞ്ഞതാണ് ഒടുവിലത്തേത്. ഈ മരം മുറിച്ചാൽ ആ തറയിൽ എടപ്പാളിന്റെ രേഖാചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി, എടപ്പാളിലെ സഹൃദയമുഖമായിരുന്ന ലിയാക്കത്ത് ബായി എന്നിവരുടെയാരുടെയെങ്കിലും ഓർമയ്ക്കായി പുതിയ മരം വെച്ചുപിടിപ്പിക്കാമെന്ന് ചില സന്നദ്ധസംഘടനകൾ വാഗ്‌ദാനം നൽകിയിരുന്നു.എന്നാൽ ഒന്നും പ്രാവർത്തികമായില്ല.