എടപ്പാൾ : മലയാളി ഗായിക ശാന്തിപ്രിയ തന്റെ ബാവുൾ സംഗീതവുമായി എടപ്പാളിലെത്തി. പ്രസിദ്ധ ബാവുൾ ഗായിക പാർവതി ബാവുളിന്റെ കേരളത്തിലെ അറിയപ്പെടുന്ന ശിഷ്യയാണ് ശാന്തി. ഗോൾഡൻ ഫ്രെയിം നടത്തിയ ‘സുവർണനിമിഷങ്ങൾ’ പരിപാടിയുടെ ഭാഗമായാണ് ശാന്തിപ്രിയ എടപ്പാളിലെത്തിയത്.
ബംഗാളി നാടോടിസംഗീതമായ ബാവുൾ സംഗീതത്തോടൊപ്പം ഗുരവാണിയിൽനിന്നുള്ള ഗാനങ്ങളും തന്റെ വലതുകൈയിൽ തൂക്കിയ ഏക് താരയിലെ ഒറ്റക്കമ്പിയിലും ഇടതുകൈയിൽ തൂക്കിയ ഡിക്കിയിലും ശ്രുതി മീട്ടി, കാലിലണിഞ്ഞ ചിലങ്കയിൽ താളമിട്ടുപാടി ഒരു സംഗീതലോകംതന്നെ വേദിയിൽ തീർത്തു.
സുവർണനിമിഷങ്ങളുടെ ഭാഗമായി എടപ്പാളിൽനിന്ന് വളർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ചികിത്സാകേന്ദ്രങ്ങൾ നടത്തി പ്രസിദ്ധനായ ഡോ. കെ.കെ. ഗോപിനാഥ്, സാഹിത്യകാരനും കവിയും ചരിത്രകാരനുമായ ചാത്തനാത്ത് അച്യുതനുണ്ണി, കവിയും റിട്ട. അധ്യാപകനും ജ്യോതിഷപണ്ഡിതനുമായ സി.വി. ഗോവിന്ദൻ എന്നിവരെ ആദരിച്ചു.
സന്തൂർ കലാകാരൻ ഹരി ആലങ്കോട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, കെ. നാരായണൻ, ഉത്തമൻ കാടഞ്ചേരി, പി. ജയന്തകുമാർ, പി.എം.കെ. ഉണ്ണി, യു.കെ. മുഹമ്മദ്, മണികണ്ഠൻ കാലടി എന്നിവർ പ്രസംഗിച്ചു.