പൊന്നാനി: പാർട്ടി അംഗമല്ലാത്ത കെ.എസ്.ഹംസയെ സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത് 53 വർഷങ്ങൾക്കു ശേഷം പൊന്നാനി മണ്ഡലത്തിലെ സിപിഎമ്മുകാർക്കു ലോക്സഭയിലേക്ക് അരിവാൾ ചുറ്റികയിൽ വോട്ട് ചെയ്യാനുള്ള അവസരം. 1971ൽ എം.കെ.കൃഷ്ണനാണ് സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തിൽ അവസാനമായി പൊന്നാനിയിൽ മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി അവസാനമായി പൊന്നാനിയിൽ ജയിച്ചതും ആ തിരഞ്ഞെടുപ്പിലാണ്. 1977–ൽ ജി.എം.ബനാത്ത്‌വാലയിലൂടെ ലീഗ് മണ്ഡലം പിടിച്ചു. അതിനു ശേഷം പച്ചക്കൊടിയല്ലാതെ പൊന്നാനിയിൽ പാറിയിട്ടില്ല. ലീഗിനെ തറപറ്റിക്കാനുള്ള ‘സ്വതന്ത്ര പരീക്ഷണം’ 1977–ൽ തന്നെ സിപിഎം തുടങ്ങി. അഖിലേന്ത്യാ ലീഗ് നേതാവ് കെ.മൊയ്തീൻ കുട്ടി ഹാജിക്കായിരുന്നു ആദ്യ ഊഴം. 1980ൽ അന്ന് കോൺഗ്രസ് (എ) നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് വന്നു. 84 മുതൽ 2009 വരെ സിപിഐ സ്ഥാനാർഥികൾ അവരുടെ ചിഹ്നത്തിലാണ് മത്സരിച്ചത്.
2009ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം, പിഡിപിയുടെയും കാന്തപുരം വിഭാഗം സുന്നികളുടെയും ആശീർവാദത്തോടെ ചരിത്രാധ്യാപകൻ ഹുസൈൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കി.2014ൽ ഇന്നത്തെ മന്ത്രി വി.അബ്ദുറഹിമാനാണ് സ്വതന്ത്ര വേഷത്തിലെത്തിയത്. 2019ൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ രംഗത്തിറക്കി. സിപിഎം നിശ്ചയിച്ച സ്ഥാനാർഥികളായിരുന്നെങ്കിലും ഹുസൈൻ രണ്ടത്താണിയും അബ്ദുറഹിമാനും അൻവറും മത്സരിച്ചത് സ്വതന്ത്ര ചിഹ്നത്തിലാണ്. ലീഗ് കോട്ടയിളക്കാനുള്ള ദൗത്യത്തിൽ എല്ലാവരും പരാജയപ്പെട്ടു.കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പൊന്നാനിയിൽ പാറിയത് ചെങ്കൊടിയാണ്. 1962–ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ എക്കാലത്തെയും വലിയ നേതാവായ ഇ.കെ.ഇമ്പിച്ചി ബാവയാണ് മണ്ഡലത്തിൽനിന്ന് ജയിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനു മുൻപായതിനാൽ സിപിഐ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്.