തിരൂർ : പൊന്നാനി പിടിച്ചെടുക്കാൻ മുൻ മുസ്‌ലിംലീഗ് നേതാവായ കെ.എസ്. ഹംസ ഇടതുസ്ഥാനാർഥിയായി മത്സരരംഗത്തെത്തി. സി.പി.എം. തിരൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പത്രസമ്മേളനം നടത്തിയാണ് ഇടതുനേതാക്കൾ ഹംസയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
പാർട്ടി ചിഹ്നം താൻ ചോദിച്ചുവാങ്ങിയതാണെന്ന് കെ.എസ്. ഹംസ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ചിഹ്നം അണികളിൽ ഏറെ ആവേശമുണ്ടാക്കുന്നുണ്ട്. അപരൻമാരുടെ ശല്യം ഒഴിവാക്കാൻകൂടിയാണ് പാർട്ടി ചിഹ്നം ചോദിച്ചുവാങ്ങിയത്. ദേശീയാടിസ്ഥാനത്തിൽ ഒരുപാട് സംഭവങ്ങളും പ്രശ്നങ്ങളും നടക്കുന്ന ഈ സാഹചര്യത്തിൽ ഒരുപക്ഷം അനിവാര്യമാണ്. ഹിതകരമായ പക്ഷം ഇടതുപക്ഷമാണ് -ഹംസ പറഞ്ഞു.
പത്രസമ്മേളനത്തിൻ സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. നന്ദകുമാർ എം. എൽ.എ., ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്, സംസ്ഥാനകമ്മിറ്റി അംഗം വി.പി. സാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി. സക്കറിയ, ഇ. ജയൻ, പി.കെ. ഖലീമുദ്ദീൻ, ജില്ലാകമ്മിറ്റി അംഗം കൂട്ടായി ബഷീർ, തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി. ഹംസക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
പിന്നീട് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസും പൊന്നാനി എം. എൽ.എ. പി. നന്ദകുമാറുമായി ഹംസ കൂടിക്കാഴ്ച നടത്തി. തുടർന്ന് തിരൂർ പോലീസ് ലൈനിൽനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജീപ്പിൽ റോഡ് ഷോ നടത്തി.
തുറന്ന വാഹനത്തിൽ പി. നന്ദകുമാർ എം.എൽ.എ.യും ഹംസയ്ക്കൊപ്പം വോട്ടർമാരെ അഭിവാദ്യംചെയ്തു