പൊന്നാനി: ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.എസ്.ഹംസ ജനങ്ങളെ കാണാനിറങ്ങി.  ഇന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനവും നടക്കുന്നതോടെ പൊന്നാനിയിൽ തിരഞ്ഞെടുപ്പ് അങ്കത്തിനു തുടക്കമാകും. ഇന്നലെ വൈകിട്ടാണ് പി.നന്ദകുമാർ എംഎൽഎക്കൊപ്പം കെ.എസ്.ഹംസ തിരൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലെത്തിയത്. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ,എൻ.മോഹൻദാസ്, സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.പി.സക്കറിയ, ഇ.ജയൻ, പി.കെ.ഖലീമുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗം കൂട്ടായി ബഷീർ, ഏരിയ സെക്രട്ടറിമാരായ പി.ഹംസക്കുട്ടി, കെ.വി.സുധാകരൻ എന്നിവർക്കൊപ്പം മാധ്യമങ്ങളെ കണ്ടു.

പാർട്ടി പ്രവർത്തകരിൽ പലരും സ്ഥാനാർഥിയെ പരിചയപ്പെടാനെത്തി. ചിലർ ഒപ്പംനിന്ന് ചിത്രങ്ങളെടുത്തു. തുടർന്ന് തുറന്ന വാഹനത്തിൽ തിരൂർ പൊലീസ്‍ലൈൻ മുതൽ ബസ് സ്റ്റാൻഡ് വരെ പോയി. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിന്റെ തുടക്കമായിരുന്നു അത്. മാർച്ച് ആദ്യവാരത്തിൽ ലോക്സഭ കൺവൻഷൻ തിരൂരിൽ നടക്കും. ഇതിനുശേഷം പര്യടനം ആരംഭിക്കും. അതുവരെ സ്ഥാനാർഥി വ്യക്തിപരമായ പ്രചാരണം നടത്തും. ഇന്ന് മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഇന്നു വൈകിട്ടു തന്നെ സ്ഥാനാർഥി തിരൂരിലെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് പോരാട്ടം ഇന്നുതന്നെ ആരംഭിക്കും. അടുത്ത ദിവസം ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും.

Related Post

Leave a Reply

Your email address will not be published. Required fields are marked *