എടപ്പാൾ: അയിലക്കാട് ചിറക്കൽ കായലോരം പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. മേഖലയുടെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായാണ് ചിറക്കൽ കായലോരത്തോട് ചേർന്ന് പാർക്ക് നിർമാണത്തിന് തുടക്കമിട്ടത്.
അറവുമാലിന്യങ്ങൾ ഉൾപ്പെടെ തളളി വൃത്തിഹീനമായി കിടന്നിരുന്ന ഈ പ്രദേശം പരിസരവാസികൾക്കും യാത്രക്കാർക്കും ഏറെ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് റർബൻ മിഷൻ ഫണ്ടിൽ നിന്ന് 69 ലക്ഷവും എംഎൽഎ ഫണ്ടിൽ നിന്ന് 15 ലക്ഷവും വകയിരുത്തി കായലോര പാർക്ക് എന്ന പദ്ധതി വിഭാവനം ചെയ്തത്. സർക്കാർ ഏജൻസിയായ വാപ്കോസിനാണ് നിർമാണ ചുമതല.
നിർമാണം പൂർത്തിയാകുന്നതോടെ ഇവിടം ഹാപ്പിനസ് പാർക്ക് ആക്കി മാറ്റാനാണ് പഞ്ചായത്ത് തീരുമാനം. പ്രകൃതി ഭംഗികൾ ആസ്വദിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള വിനോദോപാധികൾ പാർക്കിൽ സജ്ജീകരിക്കുമെന്ന് എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പറഞ്ഞു.