പൊന്നാനി : സംസ്ഥാനത്തെ മികച്ച കലാലയ മാഗസിനുകൾക്കായി കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം എം.ഇ.എസ്. പൊന്നാനി കോളേജിന്റെ ‘കുരുക്കുത്തിമുല്ലകൾ പൂത്തുലഞ്ഞിടും മേച്ചിൽപ്പുറങ്ങൾ തന്നിലും’ നേടി. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് മാഗസിൻ എഡിറ്റർ കോളേജിലെ സുവോളജി വിഭാഗം വിദ്യാർഥിയായിരുന്ന എ.ഡി. അദ്‌നാൻ ഏറ്റുവാങ്ങി.
സാമൂഹികവും സാംസ്‌കാരികവും ഭൗതികവുമായ ചുറ്റുപാടുകളുമായി ഇടപഴകുന്നതിന്റെ ഫലമായി മനുഷ്യമനസ്സുകളിൽ സംഭവിക്കുന്ന പരിണാമങ്ങൾ എങ്ങനെയെല്ലാമാണ് മനുഷ്യകുലത്തെ നിരന്തരം ദൃഢപ്പെടുത്തുന്നത് എന്നത് ചർച്ചചെയ്യുന്നതാണ് മാഗസിൻ. ലൈംഗികവിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യവും അത് സമൂഹത്തിൽ കൊണ്ടുവരുന്ന മാറ്റവും ലളിതമായ കാർട്ടൂണിലൂടെ മാഗസിനിൽ വരച്ചുകാണിച്ചിട്ടുമുണ്ട്.
ആറു വ്യത്യസ്ത സ്ത്രീജീവിതങ്ങളിലൂടെ പുരാതന വാണിജ്യനഗരമായ പൊന്നാനിയുടെ ചരിത്രവും മാഗസിനിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.