പൊന്നാനി: അറബിക്കടലിനടുത്ത് തലയെടുപ്പോടെ നിൽക്കുന്ന വലിയ പള്ളി, നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന പള്ളിമിനാരം, ഭാരതപ്പുഴയുടെ തീരത്തു പള്ളിക്കടവിൽ തോട്ടുങ്ങൽ പള്ളിയിൽനിന്നുയരുന്ന ബാങ്കൊലി,വ്രതശുദ്ധി നാളിൽ ഹൃദയത്തെ ശുദ്ധീകരിച്ച് വിശ്വാസികൾ പിന്തുടരുന്ന പ്രാർഥനാരീതികൾ,സർവനാഥനിലേക്കു മനസ്സ് കേന്ദ്രീകരിക്കുന്ന കീർത്തനങ്ങൾ…റമസാൻ കാലത്തെ പൊന്നാനിക്കു പ്രത്യേകതയേറെയാണ്. പള്ളികളുടെ നാടായ പൊന്നാനിക്ക് മലബാറിന്റെ മക്കയെന്ന പേരു കൂടിയുണ്ട്.

ദിവസങ്ങൾക്ക് മുൻപു തന്നെ റമസാനെ വരവേൽക്കാൻ പൊന്നാനി ഒരുങ്ങിയിരുന്നു. പെയിന്റടിച്ചും വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചും പള്ളികൾ തലയെടുപ്പോടെ നിൽക്കുകയാണ്. റമസാൻ തുടങ്ങുന്നതിനു മുൻപുള്ള അവസാന വെള്ളിയിൽ തന്നെ പള്ളികളിൽ റമസാൻ കാലത്തിന്റെ പ്രധാന്യമറിയിച്ച് തയാറെടുപ്പുകൾ തുടങ്ങാനുള്ള നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി നമസ്കാരത്തിന് ഖുർആൻ മനഃപാഠമാക്കിയവരെ വിവിധ സ്ഥലങ്ങളിൽ നിയമിച്ചു. ചിലയിടങ്ങളിൽ സ്ത്രീകൾക്കു പള്ളികളിലും മദ്രസകളിലും രാത്രിനമസ്കാരത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിലും തിരക്കേറിക്കഴിഞ്ഞു. റമസാൻ കാലത്തു പൊന്നാനിക്ക് മാത്രമായി പ്രത്യേക വിഭവങ്ങൾ തന്നെയുണ്ട്. റമസാൻ കാലത്തെ വിനോദമായ മുത്തായ വെടിയും പാനൂസയും പൊന്നാനിയുടെ അടയാളമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *