പൊന്നാനി : പൗരത്വനിയമ ഭേദഗതിക്കെതിരേ നാടെങ്ങും വ്യാപക പ്രതിഷേധം. യു.ഡി.എഫ്. പൗരത്വനിയമ ഭേദഗതിയുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ നിലനിൽക്കെ പൗരത്വനിയമ ദേദഗതി നടപ്പാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം രാജ്യവ്യാപക പ്രതിഷേധത്തിനു വഴിവെക്കുമെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ വിവാദ ഭേദഗതി നിയമം പിൻവലിക്കുമെന്നും കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ് മോഹൻ പറഞ്ഞു. പൊന്നാനിയിൽ പ്രതിഷേധപ്രകടനത്തിനുശേഷം നടന്ന സമാപനയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പകർപ്പ് മുൻ എം.പി. സി. ഹരിദാസ് റോഡിലിട്ട് കത്തിച്ചു. മുസ്തഫ വടമുക്ക് അധ്യക്ഷതവഹിച്ചു. വി. സയ്ദ് മുഹമ്മദ് തങ്ങൾ, അഹമ്മദ് ബാഫഖി തങ്ങൾ, കെ. ശിവരാമൻ, എ. പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ. ജയപ്രകാശ്, പി.എം. കുഞ്ഞുമുഹമ്മദ്, എൻ.പി. നബീൽ, ഷബീർ ബിയ്യം എന്നിവർ പ്രസംഗിച്ചു.
എസ്.ഡി.പി.ഐ. ചമ്രവട്ടം ജങ്ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ജില്ലാസമിതിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനംചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് പള്ളിപ്പടി അധ്യക്ഷനായി. പി.പി. സക്കീർ, ഫസൽ പുറങ്ങ്, എം. മുത്തലിബ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധപ്രകടനത്തിന് കുഞ്ഞൻ ബാവ, കബീർ പുറങ്ങ്, പി.വി. അജ്മൽ, നസീർ പടിഞ്ഞാറ്റുമുറി, പി. ജമാലുദ്ദീൻ, കെ. ബിലാൽ എന്നിവർ നേതൃത്വംനൽകി.