പൊന്നാനി: നഗരസഭ ബസ്റ്റാന്റ് നവികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 18 തിങ്കളാഴ്ച മുതല്‍ നിലവിലെ ബസ്റ്റാന്റ് അടച്ചിടുന്നതിനാല്‍ സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍ താല്കാലികമായി സിയാറത്തു പള്ളി റോഡില്‍ പാര്‍ക്കു ചെയ്യേണ്ടതാണെന്ന് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇബ്രാഹിം കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൊന്നാനി എം എല്‍ എ . പി. നന്ദകുമാറിന്റെ പ്രാദേശിക ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് അസൗകര്യങ്ങളാല്‍ യാത്രക്കാര്‍ ഏറെ പ്രയാസം നേരിടുന്ന നിലവിലുള്ള മുനിസിപ്പല്‍ ബസ്റ്റാന്റ് നവീകരിക്കുന്നതിനുള്ള പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്തുവെങ്കിലും ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിനും ഹാള്‍ട്ട് ചെയ്യുന്നതിനും ബദല്‍ സംവിധാനം ഒരുക്കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം എല്‍ എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ പ്രതിനിധികളുടേയും നഗരസഭ ഭരണ സമിതിയുടേയും സംയുക്ത യോഗത്തീരുമാന പ്രകാരം ബദല്‍ സംവിധാനം കണ്ടെത്തി പ്രവൃത്തി ആരംഭിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സിയാറത്തു പള്ളി റോഡ് അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്കും ബസ് ജീവനക്കാര്‍ക്കും താല്കാലികമായുണ്ടായേക്കാവുന്ന അസൗകര്യങ്ങളുമായി പൊരുത്തപ്പെട്ട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *