എരമംഗലം : വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേന രണ്ടു മാസംകൊണ്ട് ശേഖരിച്ചത് 4000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഹരിതകർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരിച്ചത്.
വെളിയങ്കോട് പഞ്ചായത്തിന്റെ 18 വാർഡുകളിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. എരമംഗലം താഴത്തേൽപടിയിലെ അജൈവ മാലിന്യസംഭരണ പരിപാലനകേന്ദ്രത്തിലെത്തിച്ച് വേർതിരിച്ച് വിവിധ ചാക്കുകളിലാക്കി. ഇവ ക്ലീൻ കേരള അധികൃതർ വിവിധ ആവശ്യങ്ങൾക്കായി കൊണ്ടുപോയിത്തുടങ്ങി.
മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.പി. ഫൗസിയ, അംഗങ്ങളായ പാടിയോടത്ത് മജീദ്, സെയ്‌ത് പുഴക്കര, റംസീന, ഷീജ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എൻ. ചെന്താമരാക്ഷൻ, ഉദ്യോഗസ്ഥൻ കെ. അഖിലേഷ്, ടി.എസ്. സുമേഷ്, ഹരിതകർമസേനാ അംഗങ്ങളായ ഫാത്തിമ, ജയഭാരതി തുടങ്ങിയവർ പങ്കെടുത്തു.