പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ അസഭ്യംപറയുകയും ജീവനക്കാരിയെ ആക്രമിക്കുകയുംചെയ്ത കേസിലെ പ്രതിക്ക് ഒരുവർഷം കഠിനതടവ് ശിക്ഷ. പൊന്നാനി നഗരം മാളിയേക്കൽ സിദ്ദീഖിനെയാണ്(48) മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്. ജീവനക്കാരെ ആക്രമിച്ച കുറ്റത്തിന് മൂന്നുമാസം കഠിന തടവ്, കൊലപാതകശ്രമത്തിന് ആറുമാസം കഠിനതടവ്, ആശുപത്രി സംരക്ഷണ നിയമപ്രകാരം മൂന്നുമാസം കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2022 ഡിസംബർ പതിനാലിനാണ് സംഭവം. ഡ്യൂട്ടി ഡോക്ടറെ അസഭ്യംപറയുകയും തടയാൻചെന്ന സെക്യൂരിറ്റി ജീവനക്കാരിയെ കല്ലുകൊണ്ട് തലക്കെറിയുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയെ പൊന്നാനി സബ്ജയിലിലേക്കയച്ചു.