എരമംഗലം : മതസൗഹാർദവും മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് വെളിയങ്കോട് ശ്രീ പണിക്കൻകാവ് ഭഗവതീ ക്ഷേത്രമുറ്റത്ത് ഇഫ്‌താർ വിരുന്നൊരുക്കി. പണിക്കൻകാവ് ക്ഷേത്രം സംരക്ഷണസമിതി സൗഹാർദ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഇഫ്‌താർ സംഗമം നടത്തിയത്.
സംഗമം വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി ഉദ്‌ഘാടനംചെയ്തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ബൈജു പൂക്കയിൽ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഫൗസിയ, ടി.എം. സിദ്ദീഖ്, കെ.കെ. ബീരാൻകുട്ടി, പാടത്തകായിൽ ഹുസൈൻ, വേലായുധൻ, സുമതി രതീഷ്, വിനയൻ, സുനിൽ വെളിയങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു. നാടിന്റെ വിവിധയിടങ്ങളിൽനിന്നായി ജാതി, മത ഭേദമെേന്യ നൂറുകണക്കിനാളുകൾ പങ്കെടുത്തു.