അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.(Malayali couple and friend found dead in Arunachal Pradesh)
ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗുവാഹട്ടിയിലേക്ക് ഇവർ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടിൽ നിന്നിറങ്ങിയത്.
ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇറ്റാനഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.