പൊന്നാനി: ചമ്രവട്ടം റഗുലേറ്ററിൽ അടുത്തൊന്നും ജലസംഭരണം സാധ്യമാകില്ലെന്നു സൂചന. തുരുമ്പെടുത്ത് നശിക്കാതിരിക്കാൻ റഗുലേറ്ററിന്റെ ഇരുമ്പ് ഷീറ്റിലെല്ലാം പെയിന്റിങ് നടത്തുകയാണ്. ഷട്ടറുകൾ എന്ന് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഷട്ടർ കൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ല.
ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് വെറും ഗതാഗത സൗകര്യത്തിനു മാത്രമായി ഒതുങ്ങി. തിരൂർ, പൊന്നാനി നഗരസഭകളിലേക്കും സമീപത്തെ 14 പഞ്ചായത്തുകളിലേക്കും ജലസേചന സാധ്യത മുന്നിൽ കണ്ടാണ് 150 കോടിയിലധികം ചെലവഴിച്ച് ചമ്രവട്ടം പദ്ധതി യാഥാർഥ്യമാക്കിയിരുന്നത്. എന്നാൽ, ഒരു ദിവസം പോലും പദ്ധതി വിഭാവനം ചെയ്ത തരത്തിൽ ജലസേചനം സാധ്യമായില്ല. പദ്ധതി ഉദ്ഘാടനം ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ റഗുലേറ്ററിന്റെ ഷീറ്റ് പൈൽ ചോരുകയായിരുന്നു. ചോർച്ചയടയ്ക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാർ വീണ്ടും നിരാശരായിരിക്കുകയാണ്.