സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്.

ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ടെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്.

ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 ന് ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും KSEB അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *