പൊന്നാനി : ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള ഈ വർഷത്തെ സംയുക്ത ഈദ്ഗാഹിന് പൊന്നാനി ഫിഷിങ് ഹാർബറിൽ ഒരുക്കങ്ങൾ പൂർത്തിയായി. 12 വർഷമായി നടന്നുവരുന്ന പൊന്നാനിയിലെ സംയുക്ത ഈദ്ഗാഹ് ഇത്തവണ കൂടുതൽ സൗകര്യങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.45-ന് ആരംഭിക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് യുവപ്രഭാഷകൻ റിഹാസ് പുലാമന്തോൾ നേതൃത്വം നൽകും.
പതിനായിരത്തിലേറെ ആളുകൾക്ക് നമസ്‌കരിക്കാവുന്ന തരത്തിലാണ് ഈദ്ഗാഹ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യമുണ്ടാകും. ഭിന്നശേഷിക്കാർക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രധാന റോഡിലെ ഗതാഗതതടസ്സം ഒഴിവാക്കുന്നതിന് ചമ്രവട്ടം ജങ്ഷൻ, ചന്തപ്പടി, ചാണ മേഖലകളിൽനിന്ന് വരുന്നവർ ഈദ് ഗാഹിലേക്ക് നിളയോരപാത വഴിയാണ് എത്തേണ്ടത്. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് വരുന്നവരും പൊന്നാനി അങ്ങാടിയിലുള്ളവരും കോടതിപ്പടിയിലൂടെയെത്തണം.
ഈദ് ഗാഹിലെത്തുന്നവർ അംഗശുദ്ധിവരുത്തി നമസ്‌കരിക്കാനുള്ള പായയുമായി എത്തണമെന്നും കടലാസ്, പ്ലാസ്റ്റിക് എന്നിവ അനുവദിക്കില്ലെന്നും സംഘാടകരായ സി.വി. അബൂസാലിഹ്, അബ്ദുറഹിമാൻ ഫാറൂഖി, കെ.എസ്. മുഹമ്മദ് ഇസ്മായിൽ, വി. ബഷീർ, അഷ്‌റഫ് ജാവ എന്നിവർ അറിയിച്ചു.