മലപ്പുറം: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനം സ്വരൂപിക്കുന്നതിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച മണ്ഡലങ്ങളിൽ പൊന്നാനി ഒന്നാമത്. 57,49,815 രൂപയാണ് പൊന്നാനിയിൽ നിന്നും ലഭിച്ചത്.
നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു. 34 കോടി സമാഹരിച്ചതോടെ ധനശേഖരണം അവസാനിപ്പിക്കുകയാണെന്ന് ജനകീയ സമിതി അറിയിച്ചു.
ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായി എല്ലാവരും ഒറ്റക്കെട്ടോടെ നിന്നതാണ് ഇത്ര വേഗം ലക്ഷ്യത്തിലെത്താൻ സഹായിച്ചതെന്ന് ജനകീയസമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. സാമൂഹികമാധ്യമങ്ങളോടും ലോകത്തുള്ള മുഴുവൻ മലയാളികളോടും നന്ദി പറയുന്നുവെന്നും പറഞ്ഞു. ദയവായി ഇനി ആരും അക്കൗണ്ടുകളിലേക്ക് പണമയയ്ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുക എംബസിക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ശനിയാഴ്ച രാവിലെ പത്തിന് യോഗം ചേരും. റിയാദിലെ പ്രവാസി സമൂഹം 2006 മുതൽ ഈ ദൗത്യത്തോടൊപ്പമുണ്ടായിരുന്നെന്ന് അഷ്റഫ് വേങ്ങാട്ട് ചൂണ്ടിക്കാട്ടി. 31,93,46,568 രൂപയാണ് മൂന്നുമണി വരെ അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം സമാഹരിക്കുന്നതിനായി ആരംഭിച്ച അക്കൗണ്ടുകളിലേക്കും ആപ്പിലേക്കും എത്തിയത്. പണമായി നേരിട്ട് രണ്ടുകോടി അമ്പത്തി രണ്ട് ലക്ഷവും ലഭിച്ചു. ആകെ ലഭിച്ചത് 34,45,46,568 രൂപയാണ് ലഭിച്ചതെന്നും സമിതി അംഗങ്ങൾ അറിയിച്ചു. ബോബി ചെമ്മണ്ണൂർ യാചകയാത്രയിലൂടെ സമാഹരിച്ച ഒരു കോടി രൂപയും ഇതിൽ ഉൾപ്പെടും.