പൊന്നാനി: കനത്ത ചൂട്.. പൊന്നാനിയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടി.. ബോട്ട് സർവീസ് കനത്ത പ്രതിസന്ധിയിലേക്ക്. മാസങ്ങളായി പെരുന്നാൾ ആഘോഷം ലക്ഷ്യമിട്ടാണ് പൊന്നാനിയിലെ ഉല്ലാസ ബോട്ടുടമകൾ കാത്തിരുന്നിരുന്നത്.
എന്നാൽ, ചൂട് കനത്തതോടെ ബോട്ടിങിനായി വരുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പൊന്നാനിയിലെ പ്രധാന ടൂറിസം കേന്ദ്രമായ കർമ റോഡിലേക്ക് രാത്രിയോടെയാണ് വിനോദ സഞ്ചാരികളെത്തുന്നത്. ചൂട് കാരണം പകൽ സമയത്തൊന്നും പുഴയോരത്തേക്ക് ആളുകളെത്തുന്നില്ല. ബോട്ട് സർവീസാണെങ്കിൽ ആറരയോടെ അവസാനിപ്പിക്കണം. ഒന്നോ രണ്ടോ ട്രിപ്പുകൾ മാത്രമേ ബോട്ടുകാർക്ക് ഓടിക്കാൻ കഴിയുന്നുള്ളു. കൂലിക്കാശ് പോലും ഒക്കുന്നില്ലെന്നാണ് ബോട്ടുടമകളുടെ പരാതി. അഴിമുഖത്തും സൂര്യാസ്ഥമയ സമയത്താണ് സഞ്ചാരികളെത്തുന്നത്.
കർമ റോഡിൽ രാത്രി ഏറെ വൈകിയും സഞ്ചാരികളുടെ തിരക്കുണ്ടായതിനാൽ തട്ടുകടക്കാർക്കും ഹോട്ടലുകാർക്കും വലിയ നഷ്ടങ്ങളില്ല. പൊന്നാനിയിൽ ഉല്ലാസ ബോട്ട് സർവീസ് മേഖലയാണ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. പെരുന്നാൾ ഏറെക്കാലത്തെ പ്രതീക്ഷയായിരുന്നെങ്കിലും ചെലവു കാശുപോലും ഒക്കാതെ പെരുന്നാൾ കടന്നു പോയി.