പൊന്നാനി ∙ പൊന്നാനിയിൽ വീണ്ടും മോഷണശ്രമം. ചന്തപ്പടിയിലെ സ്വർണവ്യാപാര കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാവ് കയറിയത്. സിസിടിവി ഉൾപ്പെടെ തകർത്തു. മഹാരാഷ്ട്ര സ്വദേശി മനോജ് സേട്ടുവിന്റെ ഉടമസ്ഥതയിലുള്ള എംഎൻ സ്വർണവ്യാപാര കേന്ദ്രത്തിലാണ് സംഭവം. സിസിടിവി തകർത്തത് ഉൾപ്പെടെ 26,000 രൂപയുടെ നഷ്ടമുണ്ടായി. ലോക്കറിൽ ഒരു കിലോഗ്രാം സ്വർണമുണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല.

ദിവസങ്ങൾക്കു മുൻപ് പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപത്തെ അടച്ചിട്ട വീട്ടിൽ മോഷണം നടന്ന് 350 പവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമേ കഴിഞ്ഞ 2 മാസത്തോളമായി മോഷണം പൊന്നാനിയിൽ തുടർക്കഥയാണ്. രാവിലെ കട തുറക്കാനെത്തിയ ജോലിക്കാരനാണ് മോഷണം അറിയുന്നത്. തൊട്ടുപിന്നാലെ തന്നെ പൊലീസെത്തി പരിശോധന നടത്തി.

ഒന്നും ചെയ്യാനാകാതെ പൊലീസ്
പൊലീസിനെ നോക്കുകുത്തിയാക്കി പൊന്നാനിയിൽ മോഷ്ടാക്കളുടെ  അഴിഞ്ഞാട്ടം. സിസിടിവി ദൃശ്യങ്ങൾ ആവശ്യത്തിലധികം കയ്യിലുണ്ടായിട്ടും പൊലീസിന് പ്രതിയുടെ ഏഴയലത്തേക്ക് അടുക്കാൻ കഴിഞ്ഞിട്ടില്ല. പൊലീസിനെയും സിസിടിവി ദൃശ്യങ്ങളെയും ഒട്ടും ഭയക്കാതെയാണ് പൊന്നാനിയിലെ ഓരോ മോഷണങ്ങളും നടക്കുന്നത്. കച്ചവടക്കാർക്ക് വലിയ വെല്ലുവിളിയായി മോഷണം തുടരുമ്പോഴും കൈമലർത്തുകയല്ലാതെ ഒന്നും ചെയ്യാൻ പൊലീസിന് കഴിയുന്നില്ല. കഴിഞ്ഞ 2 മാസങ്ങളിൽ തുടർച്ചയായി നടന്ന മോഷണങ്ങളിൽ ഒരു കേസിൽ പോലും പൊലീസിന് തുമ്പുണ്ടാക്കാനായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *