മലപ്പുറം: യാത്രയയപ്പിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാർത്ഥികളില്‍നിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം. അടുത്ത അധ്യയനവര്‍ഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സർക്കുലറിൽ പറയുന്നു. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകളിലേക്കും നിര്‍ദേശം കൈമാറി.

അധ്യയന വര്‍ഷാവസാന ദിനത്തില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർത്ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്യുന്ന രീതി നിലവിലുണ്ട്. വസ്ത്രങ്ങള്‍, വാച്ച്, ഫ്രെയിം ചെയ്ത ഫോട്ടോകള്‍, ഫോട്ടോ പതിച്ച കേക്ക്, കപ്പ്, ഗ്ലാസ് തുടങ്ങിയവയാണ് അധ്യാപകര്‍ക്ക് വിദ്യാർത്ഥികള്‍ സമ്മാനമായി നൽകുന്നത്,

സമ്മാനം സ്വീകരിക്കുന്നത് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും വാട്സാപ്പ് സ്റ്റാറ്റസാക്കുന്നത് അധ്യാപകര്‍ക്കിടയില്‍ പതിവാണ്. നേരത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം നിലനിന്നിരുന്ന ഈ രീതി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും വ്യാപിച്ചിരുന്നു.ഈ സമ്പ്രദായം വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും മത്സരവും അപകര്‍ഷതയും വേര്‍തിരിവും വളര്‍ത്തുന്നതാണെന്നാണ് ആക്ഷേപം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ, മറ്റുള്ളവരില്‍ നിന്ന് യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബാംഗങ്ങളില്‍ ആരേയും അവ വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം.

Related Post

Leave a Reply

Your email address will not be published. Required fields are marked *