ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ സംവിധാനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സാപ്പിനായി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ ഉറപ്പുനല്‍കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ക്കുള്ള എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനും കാരണമാണ് ആളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്നും വാട്‌സാപ്പ് കോടതിയില്‍ പറഞ്ഞു.

മെസേജിങ് ആപ്പുകളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരാനും അവയുടെ ആദ്യ ഉറവിടം കണ്ടെത്താനും കമ്പനികള്‍ സംവിധാനം ഒരുക്കണമെന്നുള്ള 2021 ഐടി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുകൊണ്ട് വാട്‌സാപ്പും മാതൃസ്ഥാപനമായ മെറ്റയും നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കമ്പനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2021 ഫെബ്രുവരി അഞ്ചിനാണ് ഐടി നിയമം (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കണം.

‘ഒരു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ പറയുകയാണ്, എന്‍ക്രിപ്ഷന്‍ ഒഴിവാക്കാൻ ഞങ്ങളോട് പറഞ്ഞാല്‍, ഞങ്ങള്‍ പോവും.’ വാട്‌സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തേജസ് കറിയ പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.

ഏത് സന്ദേശങ്ങളാണ് ഡിക്രിപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് തന്നെ വാട്‌സാപ്പ് ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വര്‍ഷങ്ങളോളം ശേഖരിക്കേണ്ടിവരുമെന്നും തേജസ് കറിയ പറഞ്ഞു. ഇങ്ങനെ ഒരു നിയമം ലോകത്തെവിടെയുമില്ലെന്നും ബ്രസീലില്‍ പോലുമില്ലെന്നും സമാനമായ നിയമം മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് ചോദ്യത്തിന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു.

സ്വകാര്യത അവകാശങ്ങള്‍ സമ്പൂര്‍ണമല്ലെന്നും എവിടെയെങ്കിലും ‘ബാലന്‍സ്’ ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, വര്‍ഗീയ കലാപം പോലുള്ള വിഷയങ്ങളില്‍ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുമ്പോള്‍ ഈ നിയമം പ്രധാന്യമര്‍ഹിക്കുന്നുവെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

2021 ലെ ഐടി ആക്ടിനെതിരെ വിവിധ ഹൈക്കോടതികളില്‍ വന്ന ഹര്‍ജികളെല്ലാം ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി മാര്‍ച്ച് 22 ന് ഉത്തരവിട്ടിരുന്നു. ഈ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഓഗസ്റ്റ് 14 ന് മെറ്റയുടെയും വാട്‌സാപ്പിന്റെയും ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. കര്‍ണാടക, മദ്രാസ്, കൊല്‍ക്കത്ത, കേരള, ബോംബെ ഹൈക്കോടതികളില്‍ 2021ലെ ഐടി നിയമത്തിനെതിരായി ഹര്‍ജികള്‍ വന്നിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *