തിരുവനന്തപുരം: വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പീക്ക് ടൈമില്‍ ഉപഭോഗം കുത്തനെ ഉയര്‍ന്നത് ഗ്രിഡുകളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കം തകരാറിലായി. ഇതിന് പിന്നാലെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്നാല്‍ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം. പകരം ക്രമീകരണത്തിന് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പതിനഞ്ച് ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്.
ലോഡ്‌ഷെഡിങ്ങിന് പകരം ക്രമീകരണം എന്താവണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെ.എസ്.ഇ.ബി. യോഗം ചേരും. ഇതിലെ തീരുമാനം സര്‍ക്കാരിനെ അറിയിക്കും. വിഷയത്തില്‍ വൈദ്യുതി മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും.