കോഴിക്കോട് ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നത്. രോ​ഗം സ്ഥിരീകരിച്ച നാലുപേരും രോ​ഗമുക്തി നേടി. വെസ്റ്റ്നൈൽ സംശയിക്കുന്ന വേങ്ങേരി സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ രണ്ടുപേരുടെ മരണം വെസ്റ്റ്നൈൽ ബാധിച്ചാണോ എന്ന സംശയവുമുണ്ട്.

എന്താണ് വെസ്റ്റ് നൈൽ?

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ൽ യുഗാൺഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ൽ ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം.

ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.

രോഗപ്രതിരോധവും ചികിത്സയും

ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.

മുൻകരുതലുകൾ

  • വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക
  • ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക
  • കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
  • സ്വയംചികിത്സ ഒഴിവാക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃ​ഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോ​ഗബാധ ഉണ്ടാകും. എന്നാൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോ​ഗം പകരില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *