മലപ്പുറം : ജില്ലയിലെ 79,925 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച അറിയും. മാർച്ച് നാലുമുതൽ 25 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ബുധനാഴ്ച അറിയുക. കഴിഞ്ഞവർഷത്തേക്കാൾ 11 ദിവസം മുമ്പേയാണ് ഇത്തവണ ഫലം വരുന്നത്.
വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന പ്രഖ്യാപനത്തോടെ കുട്ടികൾക്ക് വെബ്‌സൈറ്റിലൂടെ ഫലം അറിയാനാകും. കഴിഞ്ഞവർഷത്തേക്കാൾ 1958 കുട്ടികൾ ഇത്തവണ കൂടുതലായി പരീക്ഷ എഴുതി.
21,180 പേർ പരീക്ഷ എഴുതിയ മലപ്പുറമാണ് ഉപജില്ലകളിൽ മുന്നിൽ. സ്‌കൂളുകളിൽ 2085 പേരെ പരീക്ഷക്കിരുത്തിയ എടരിക്കോട് പി.കെ.എം.എം. ഹയർസെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത് വാഴക്കാട് സി.എച്ച്.കെ.എം.എസ്.എസിലും- എട്ടു കുട്ടികൾ. പ്രത്യേക പരിഗണനയർഹിക്കുന്ന 5563 കുട്ടികളും ഫലം കാത്തിരിക്കുന്നു.