എടപ്പാൾ : കടുത്ത ചൂടിനെത്തുടർന്ന് കാർഷികരംഗത്തുണ്ടായ നഷ്ടം വിലയിരുത്താൻ കൃഷിവകുപ്പ് നിയോഗിച്ച സമിതി വിവിധ മേഖലകളിൽ സന്ദർശനം നടത്തി. കൃഷിമന്ത്രിയുടെ നിർദേശാനുസരണമാണ് ജില്ലാതലത്തിൽ ജില്ലാ കൃഷിഓഫീസർമാരുടെ നേതൃത്വത്തിൽ കൃഷി വകുപ്പിലെയും കാർഷിക സർവകലാശാലകളിലെ ഉദ്യോഗസ്ഥരുടെയും സംഘം കാർഷികമേഖലകളിൽ സഞ്ചരിക്കുന്നത്.
കുരുമുളക്, നെല്ല് തുടങ്ങിയവയ്ക്കുണ്ടായ നഷ്ടമാണ് വിലയിരുത്തുന്നത്. കാർഷിക സർവകലാശാല അസി. പ്രൊഫസർ ഡോ. വി.ജി. സുനിൽ, അസി. ഡയറക്ടർ എം.വി. വിനയൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം. എല്ലാ വർഷങ്ങളിലെയും പോലെ ജനുവരിയിൽ പുഞ്ചകൃഷി ആരംഭിച്ചില്ലെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽമഴ തീരെ ലഭിക്കാത്തിനാലാണ് പുഞ്ചമേഖലയിൽ വലിയ നഷ്ടമുണ്ടാക്കിയത്.
പൊന്നാനി താലൂക്കിലെ ബിയ്യം കായലിലും നൂറടി തോട്ടിലും സംഭരിച്ച വെള്ളം പൂർണമായും വറ്റിയത് ഈ മേഖലയിലെ കൃഷി ഉണങ്ങാൻ കാരണമായി. ഈ മേഖലയിൽ 1300 ഹെക്ടർ കൃഷിയിറക്കിയതിൽ 86 ഹെക്ടർ കൊയ്യാൻപോലും പറ്റാത്ത രീതിയിൽ കരിഞ്ഞുണങ്ങിയതായാണ് സമിതിയുടെ വിലയിരുത്തൽ. വിളവെടുത്തതിൽ പതിര് കൂടുതലായതായും തൂക്കം കുറവായതായും കർഷകർ പരാതിപ്പെട്ടു.
വരൾച്ചയെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ
ബിയ്യം കായൽ-നൂറടി തോട് ലിങ്ക് കനാൽ ഉടൻ പ്രാവർത്തികമാക്കുകയും നൂറടി തോട് ആഴംകൂട്ടി ജലസംഭരണ ശേഷി വർധിപ്പിക്കുകയും ചെയ്യുക. തടയണ കെട്ടി ജലം സംഭരിക്കാനും നടപടി വേണം. ഉൾത്തോടുകൾ പായൽനീക്കി ആഴം കൂട്ടണം.