തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ അനീഷാണ് പിടിയിലായത്. ബാലരാമപുരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ നാലു പ്രതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.
കരമന കരുമം ഇടഗ്രാമം മരുതൂര്‍കടവ് സ്വദേശി അഖിലിനെ(26)യാണ് കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 25-ന് പ്രതികളും അഖിലും തമ്മില്‍ ബാറില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം.
അഖില്‍ കൊലക്കേസിലെ പ്രതികളെല്ലാം 2019-ലെ അനന്തു കൊലക്കേസിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിചാരണ നടക്കുന്ന അനന്തു കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇവര്‍ വീണ്ടും കൊലപാതകം നടത്തിയത്.