എരമംഗലം: കടുത്ത വരൾച്ചയെത്തുടർന്ന് ഉണക്കം ബാധിച്ചു നശിച്ചതിനാൽ പൊന്നാനി കോളിൽ 300 ഏക്കർ നെല്ല് കൊയ്തെടുക്കാതെ കർഷകർ ഉപേക്ഷിച്ചു. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ നെല്ല് ഉപേക്ഷിക്കേണ്ടി വന്നതോടെ ഒരു കോടിയോളം രൂപയാണ് കർഷകർക്കു നഷ്ടം.കോൾ മേഖലയുടെ പരിധിയിൽ പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ 300 ഏക്കർ പുഞ്ചക്കൃഷിയാണു വരൾച്ചയിൽ പൂർണമായി നശിച്ചത്. രണ്ടാം ഘട്ടത്തിൽ കൃഷിയിറക്കിയ 8 പാടശേഖരങ്ങളിലാണു വരൾച്ച കൂടുതൽ ബാധിച്ചത്.നശിച്ച നെല്ലിന് ഏക്കറിനു 30,000 രൂപ മുതൽ 50,000 വരെ ചെലവു വന്നിട്ടുണ്ടെന്നു കർഷകർ പറയുന്നു.
ഉണക്കം ബാധിച്ചതോടെ നെല്ലു പതിരായതിനാൽ കൊയ്യാതെ ഉപേക്ഷിക്കേണ്ടിവന്നു. കോളിന്റെ ജലസ്രോതസ്സുകളായ ബിയ്യം റഗുലേറ്ററും നൂറടിത്തോടും നേരത്തേ വറ്റിയതോടെ കൃഷിയുടെ അവസാനഘട്ടത്തിൽ ആവശ്യമായ വെള്ളം കിട്ടാതെ വന്നു. സമയത്തു വേനൽമഴ ലഭിക്കാതിരുന്നതും തിരിച്ചടിയായി. പെരുമ്പടപ്പ് എഡിഎ എം.വി.വിനയന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ പാടശേഖരങ്ങൾ സന്ദർശിച്ച് നഷ്ടത്തിന്റെ കണക്കെടുത്തു. നശിച്ച നെല്ലിനു നഷ്ടപരിഹാരം നൽകണമെന്നു കർഷകർ ആവശ്യപ്പെട്ടു.