പൊന്നാനി : മീൻപിടിത്തബോട്ടിൽ ചരക്കുകപ്പൽ ഇടിച്ച് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ച കടൽദുരന്തത്തിൽ തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ചാവക്കാട് മുനക്കകടവ് തീരദേശ പോലീസ് എസ്.എച്ച്.ഒ. സിജോ വർഗീസിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പൊന്നാനിയിലെത്തി ഫൊറൻസിക് വിഭാഗം പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം ഫൊറൻസിക് പരിശോധനയ്ക്കായി പോലീസ് പൊന്നാനിയിലെത്തിയിരുന്നെങ്കിലും ബോട്ടിന്റെ അവശിഷ്ടം വെള്ളത്തിൽ കിടക്കുന്നതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബോട്ടിന്റെ അവശിഷ്ടങ്ങൾ കരയിലേക്കു കയറ്റിയാണ് പരിശോധന നടത്തിയത്.
ഞായറാഴ്ച രാത്രി പത്തോടെയാണ് എടക്കഴിയൂർ തീരത്തുനിന്ന് ഏതാണ്ട് 12 നോട്ടിക്കൽമൈൽ അകലെ പൊന്നാനിയിൽനിന്നുള്ള ഇസ്‌ലാഹ് മീൻപിടിത്തബോട്ടിൽ കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിടിച്ച് ബോട്ടിലെ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനുവേണ്ടി ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ സർവീസ് നടത്തുന്ന എം.വി. സാഗർ യുരാജ് ചരക്കുകപ്പലാണ് ബോട്ടിലിടിച്ചത്.