തിരുവനന്തപുരം: നാലുവർഷ ബിരുദത്തിൽ തൊഴിൽപഠനം ഉൾപ്പെട്ടതോടെ സംസ്ഥാനത്തെ കോളേജുകളിലെല്ലാം നൈപുണികേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹ്രസ്വകാല കോഴ്‌സുകളും ആരംഭിക്കും. തൊഴിൽപഠനവും തൊഴിൽപരിശീലനവും ഉറപ്പാക്കാനാണ് ഈ കേന്ദ്രങ്ങൾ.
അസാപ്പ്, കെൽട്രോൺ തുടങ്ങിയ നൈപുണി ഏജൻസികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. യു.ജി.സി. മാർഗരേഖയനുസരിച്ച്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ നൈപുണികേന്ദ്രങ്ങൾ തുറക്കാം.
പ്രാദേശികവും വ്യാവസായികവുമായ ആവശ്യങ്ങൾ നിറവേറ്റാനാവുന്ന തൊഴിൽപഠനവും പരിശീലനവും കേന്ദ്രങ്ങളിൽ ലഭ്യമാക്കും. വ്യവസായമേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട സംഘം ഇതിനായി പാഠ്യപദ്ധതി തയ്യാറാക്കും. ഹ്രസ്വകാല നൈപുണി കോഴ്‌സുകൾക്ക് വിവിധ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലുകളും അംഗീകാരം നൽകും. ഈ കോഴ്‌സുകൾ വഴിയുള്ള ക്രെഡിറ്റ് വിദ്യാർഥിയുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ നിക്ഷേപിക്കും. അതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകും.
മൂന്നുവർഷത്തെ പഠനത്തിനുശേഷം നാലാംവർഷമാണ് തൊഴിൽ അഭിരുചിയുള്ള കോഴ്‌സുകളിലേക്ക് വിദ്യാർഥികൾ പ്രവേശിക്കുക. തൊഴിൽപഠനവും പരിശീലനവും ഉറപ്പാക്കാൻ എംപാനൽ ചെയ്ത ഏജൻസികളുടെ സേവനം ഉറപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.