പൊന്നാനി: ശക്തമായ മഴ തുടരുന്നതിനാൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത. തീരവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്. അപ്രതീക്ഷിതമായി ജലം ഉയർന്നേക്കാമെന്നാണ് വിവരം. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊന്നാനി മേഖലയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല.
ജലനിരപ്പിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരുകയാണെങ്കിൽ അവസ്ഥ മറിച്ചാകാമെന്നാണ് മുന്നറിയിപ്പ്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ പുഴയോരത്തെ വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയുണ്ട്. കർമ റോഡിനടിയിൽ മഴവെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച വലിയ പൈപ്പുകളിലൂടെ വെള്ളം തീരത്തേക്ക് കയറുമെന്നതാണ് ആശങ്ക.
മുൻ വർഷങ്ങളിൽ സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്ന് വൻ നാശനഷ്ടമാണ് തീരത്ത് സംഭവിച്ചത്. ചമ്രവട്ടം റഗുലേറ്ററിന്റെ ഷീറ്റ് പൈൽ പുനർനിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇൗ കാലവർഷത്തിന്റെ അവസാനത്തിലും പുഴയിൽ ജലസംഭരണം സാധ്യമാകില്ല.
വർഷങ്ങളായി തുടരുന്ന പുനർനിർമാണം പൂർത്തിയാകാത്തതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ. ജലനിരപ്പ് ഉയരാനിടയുള്ളതിനാൽ പുഴയിൽ മീൻപിടിത്തത്തിനിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പുഴയോരത്തെ ബോട്ട് സർവീസിനും വൈകാതെ നിയന്ത്രണമേർപ്പെടുത്തും.