കുറ്റിപ്പുറം: ഇടവപ്പാതിക്കു മുൻപേ അനുഗ്രഹമായി പെയ്തിറങ്ങിയ വേനൽമഴ, ചൂടിൽ ചെറുകുളങ്ങളായി മാറിയ നിളയെ നിറച്ചുതുടങ്ങി. മഴ ശക്തമായതിനാൽ പാലക്കാട് ചെങ്ങണാംകുന്ന് റഗുലേറ്ററിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇത് വെള്ളിയാങ്കല്ലിലും ജലനിരപ്പ് ഉയരാൻ കാരണമായി. ഇവിടെനിന്നുള്ള വെള്ളം തുറന്നുവിട്ടതോടെയാണ് ഭാരതപ്പുഴയിൽ കുറ്റിപ്പുറത്തു നിന്നിങ്ങോട്ട് വെള്ളമുയരാൻ കാരണമായത്.
മധ്യഭാഗത്ത് നീളത്തിൽ കിടക്കുന്ന തുരുത്തുകൾ പുഴയെ പലയിടത്തും രണ്ടാക്കുന്നുണ്ട്. ഈ രണ്ടു വശങ്ങളും നിറഞ്ഞാണ് ഇപ്പോൾ പുഴയൊഴുകുന്നത്. പ്രാദേശികമായി പെയ്തിറങ്ങിയ മഴയല്ല പുഴയിൽ വെള്ളമുയരാൻ കാരണമായതെന്ന് തീരദേശവാസികൾ പറയുന്നു. ചമ്രവട്ടത്ത് ചോർച്ചയടയ്ക്കുന്ന പണിക്കായി പുഴയിൽ മണൽച്ചാക്കുപയോഗിച്ച് ബണ്ട് കെട്ടിയിരുന്നു. വെള്ളം ഉയരാൻ ഇതും കാരണമാണെന്ന് തീരവാസികൾ പറയുന്നു.
നിലവിൽ തുറന്നിട്ട റഗുലേറ്റർ വഴി വെള്ളം മറുവശത്തേക്ക് ഒഴുകിയെത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്നും മഴ തുടർന്നാൽ തുരുത്തുകൾ മൂടി പുഴ പരന്നൊഴുകും. പുഴയിലെ തുരുത്തുകളിൽ കന്നുകാലികളുണ്ട്. പുഴ പരന്നൊഴുകുന്നതിനു മുൻപ് അധികൃതർ ഇടപെട്ട് ഇവയെ മാറ്റിയില്ലെങ്കിൽ കുറെ കാലികൾ കടലിലേക്ക് ഒലിച്ചുപോയേക്കും.കച്ചവടക്കാർ പോത്തിൻകുട്ടികളെ വാങ്ങി തുരുത്തുകളിലേക്ക് ഇറക്കിവിട്ടിരിക്കുകയാണ്