തിരുവനന്തപുരം: രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി ഇടി- മിന്നല്‍- മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗംവരെയുള്ള കാറ്റ്- എന്നിവയോടുകൂടിയ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടുജില്ലകളില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ചുവപ്പ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ വ്യാഴാഴ്ച മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍ (38) ആണ് മരിച്ചത്. ചൂണ്ടിയിടാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.