മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്തൊട്ടാകെ 4,​64,​994 വിദ്യാർത്ഥികളാണ് പ്ലസ്‌വണ്ണിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,​500 പേർ അപേക്ഷ നൽകി. ഇതിൽ 874 അപേക്ഷകൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ പരിശോധിച്ചു. 563 അപേക്ഷകൾ ഓൺലൈൻ കൺഫർമേഷൻ നൽകുകയും ചെയ്തു.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളിലേക്കുള്ള പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ അവസാനിക്കുക. 29ന് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.

ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റും കൂട്ടുമെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റ് കൂടി അധികമായി നൽകും.

എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 79,​730 കുട്ടികളാണ് ഇക്കുറി ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

സി.ബി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി തുടങ്ങിയ മറ്റ് സിലബസുകളിൽ യോഗ്യത നേടിയവർ കൂടി പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിക്കും.

അതേസമയം,​ അപേക്ഷിക്കുന്ന കുട്ടികൾക്കനുസരിച്ചുള്ള സീറ്റ് പ്ലസ് വൺ ഉപരിപഠനത്തിന് ജില്ലയിൽ സീറ്റില്ല. 55,​000 പ്ലസ്‌വൺ മെറിറ്റ് സീറ്റുകളാണ് ജില്ലയിലുള്ളത്.

സീറ്റുകളുടെ വ്യക്തമായ കണക്ക് എയ്ഡഡ് സ്‌കൂളുകളിലെ അധിക സീറ്റുകളുടെ റിപ്പോർട്ട് കൂടി ലഭിച്ചാലെ പറയാനാവൂ.

അലോട്ട്‌മെന്റ് തുടങ്ങുന്നതിന്റെ തൊട്ട് മുമ്പായി ലഭ്യമായ മെറിറ്റ് സീറ്റുകളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുംv

Related Post

Leave a Reply

Your email address will not be published. Required fields are marked *