വെളിയങ്കോട്: ദേശീയപാതയുടെ കാനയിലൂടെയുള്ള വെള്ളം തുറന്നുവിടൽ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ദേശീയപാതാ അധികൃതർ പാലിക്കുന്നില്ലെന്നു പരാതി. നാലുവരിപ്പാതയുടെ വികസനവുമായി ബന്ധപ്പെട്ടു ജനവാസ മേഖലയിലേക്കു കാനകളിലെ വെള്ളം തുറന്നുവിടുന്നത്, ഹൈക്കോടതി വിധി പ്രകാരം ജില്ലാ ഭരണകൂടം 4 മാസം മുൻപു തടഞ്ഞിരുന്നു.
പാതയിൽ പെയ്യുന്ന മഴവെള്ളം കാന വഴി വെളിയങ്കോട് പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ ഉമർഖാസി മസ്ജിദിന്റെ കബർസ്ഥാനിലേക്കും വെള്ളം ഒഴുകിയിരുന്നു. പാതയുടെ ഇരുവശത്തെയും 6 കാനകൾ അടയ്ക്കാനാണു ജില്ലാ ഭരണകൂടം ദേശീയപാതാ അധികൃതരോട് നിർദേശിച്ചിരുന്നത്.
വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതിയുടെയും മസ്ജിദ് കമ്മിറ്റിയുടെയും പരാതിയെത്തുടർന്നായിരുന്നു ഇത്. നിർദേശം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കനാലുകൾ പൂർണമായും അടയ്ക്കാത്തതിനാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിലും വെളിയങ്കോട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. പാതയോരത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.