പൊന്നാനി: മഴ കനത്തപ്പോൾ വെള്ളക്കെട്ട് രൂക്ഷമായതോടെ ദേശീയപാത നിർമാണം തടഞ്ഞ് പൊന്നാനി നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം. നഗരസഭയുടെ ഇടപെടലിനെത്തുടർന്ന് ദേശീയപാതയോരത്തെ കാനകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ടു.
നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയോരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടികൾ എങ്ങുമെത്താത്തതിനെത്തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെയാണ് പ്രശ്നത്തിനു പരിഹാരമാകുംവരെ ദേശീയപാത നിർമാണം നഗരസഭാ അധികൃതരെത്തി നിർത്തിവെപ്പിച്ചത്.
ദേശീയപാതയോരത്തെ വെള്ളം ഒഴുകിപ്പോകാനുള്ള ചമ്രവട്ടം ജങ്ഷനിലെ ഓടകൾ ദേശീയപാത നിർമാണത്തെ തുടർന്ന് അടഞ്ഞതോടെയാണ് കൗൺസിലർമാർ പ്രതിഷേധവുമായി എത്തിയത്.
നഗരസഭയിലെ 6, 7, 8, 9, 20 വാർഡുകളിലെ മഴവെള്ളം നീലംതോട് വഴി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയിലെ കൾവർട്ട് വഴി ബിയ്യം കായലിലേക്കാണ് ഒഴുകിപ്പോയിരുന്നത്. എന്നാൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഈ കൾവർട്ട് അടച്ചു.
ദേശീയപാതയുടെ കാന ഉയർത്തി നിർമിച്ചതിനാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് ഈ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. 50-ഓളം കുടുംബങ്ങൾ വീടൊഴിയുകയും ചെയ്തു. ഞായറാഴ്ചയും വെള്ളക്കെട്ടിന് പരിഹാരമാകാത്തതോടെയാണ് നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവൃത്തികൾ നിർത്തിവെപ്പിച്ചത്.
വെള്ളക്കെട്ടിന് പരിഹാരം കണ്ടതിനുശേഷം മാത്രമേ നിർമാണം അനുവദിക്കൂവെന്ന നിലപാടിൽ നഗരസഭ എത്തിയതോടെ ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ ജെ.സി.ബി. ഉപയോഗിച്ച് തടസ്സങ്ങൾ മാറ്റി വെള്ളം ഒഴുക്കിവിട്ടു.
കാന നിർമാണം ആരംഭിക്കുന്നതിനുമുമ്പുതന്നെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമെന്ന മുന്നറിയിപ്പ് നാട്ടുകാർ നൽകിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ കാന നിർമ്മിച്ചതാണ് വെള്ളക്കെട്ട് നഗരസഭയിലെ അഞ്ച് വാർഡുകളിലുള്ളവരെ പ്രയാസത്തിലാക്കിയത്.