ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി, ദൈനിക് ഭാസ്‌കര്‍ എന്നിവരെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്. 350 സീറ്റിന് മുകളില്‍ എന്‍ഡിഎ സഖ്യത്തിന് നേടാന്‍ സാധിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 150 സീറ്റ് കടക്കാനാകില്ല.

ഇന്ത്യാ ന്യൂസ് സര്‍വേ പ്രകാരം 371 സീറ്റ് ബിജെപി നേടുമ്പോള്‍ 125 സീറ്റുകള്‍ ഇന്ത്യാ സഖ്യത്തിനും 47 സീറ്റുകള്‍ മറ്റുള്ളവയ്ക്കും ലഭിക്കും. റിപ്പബ്ലിക് ടിവി സര്‍വേ പ്രകാരം 359 സീറ്റാണ് ബിജെപിയ്ക്ക് ലഭിക്കാന്‍ പോകുന്നത്. 154 സീറ്റ് ഇന്ത്യാ മുന്നണിക്കും 30 സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.

റിപ്പബ്ലിക് ഭാരത്-മെട്രിസ് സര്‍വേ പ്രകാരം 353 മുതല്‍ 368 വരെ സീറ്റ് ബിജെപിക്കും 118 മുതല്‍ 133 വരെ സീറ്റ് ഇന്ത്യാ മുന്നണിക്കും ലഭിക്കും. 43 മുതല്‍ 48 വരെ സീറ്റാണ് മറ്റുള്ളവയ്ക്ക്. എന്‍ഡിടിവി സര്‍വേ അനുസരിച്ച് 365 സീറ്റ് എന്‍ഡിഎയ്ക്കും 142 സീറ്റ് ഇന്ത്യാ മുന്നണിക്കും 36 സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.
തെരഞ്ഞെടുപ്പില്‍ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യത്തിന് വോട്ടാക്കാന്‍ സാധിച്ചില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എബിപി സര്‍വേഫലം അനുസരിച്ച് കേരളത്തില്‍ ബിജെപിക്ക് 1 മുതല്‍ 3 വരെ സീറ്റ് കിട്ടാനാണ് സാധ്യത. യുഡിഎഫിന് 17 മുതല്‍ 19 വരെ സീറ്റുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ഇത്തവണ ലഭിക്കില്ല. ടൈംസ് നൗ സര്‍വേ അനുസരിച്ച് 14 മുതല്‍ 15 വരെ സീറ്റ് കേരളത്തില്‍ യുഡിഎഫിനും നാല് സീറ്റ് എല്‍ഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും ലഭിക്കും. ന്യൂസ് 18 സര്‍വേ പ്രകാരം 15 മുതല്‍ 18 വരെ സീറ്റാണ് കേരളത്തില്‍ യുഡിഎഫിന് ലഭിക്കുക. ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വേ പ്രകാരം എല്‍ഡിഎഫിന് 0 മുതല്‍ 1 സീറ്റ്, യുഡിഎഫിന് 17-18, എന്‍ഡിഎയ്ക്ക് 2മുതല്‍ 3 വരെ എന്നിങ്ങനെയാണ് സര്‍വേ.

എക്‌സിറ്റ് പോളുകളനുസരിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് മേധാവിത്വം. 33 മുതല്‍ 37 വരെ സീറ്റ് ഡിഎംകെ സഖ്യത്തിന് ലഭിക്കും. രണ്ട് മുതല്‍ നാല് സീറ്റുവരെ എന്‍ഡിഎയ്ക്ക് ലഭിക്കും. ന്യൂസ് 18 പോള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 1-3 സീറ്റുകള്‍ ബിജെപിക്ക് പ്രവചിക്കുന്നു. 8-11 സീറ്റ് കോണ്‍ഗ്രസിന്. 36-39 സീറ്റുകളില്‍ ഇന്ത്യാമുന്നണി മേധാവിത്വം വഹിക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ 38 സീറ്റിലും വിജയിച്ചത് ഡിഎംകെ സഖ്യമായിരുന്നു. ഇന്ത്യാടുഡേ ആക്‌സിസ് പ്രകാരം സംസ്താനത്ത് 26-30 സീറ്റുകള്‍ ഇന്ത്യാ മുന്നണിക്കും 1-3 സീറ്റ് എന്‍ഡിഎയ്ക്കും ആറ് മുതല്‍ 8സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.

കര്‍ണാടകയില്‍ എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ മുന്നേറ്റമാണ് പ്രവചിക്കുന്നത.് ഇന്ത്യാ ടിവി പ്രവചനമനുരിച്ച് നാല് മുതല്‍ എട്ട് സീറ്റുകള്‍ ഇന്ത്യാമുന്നണിക്ക് ലഭിക്കുമ്പോള്‍ 19 മുതല്‍ 25 വരെ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.മറ്റുള്ളവയ്ക്ക് പൂജ്യം. ജാന്‍ കി ബാത്ത് എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 21 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 7 മുതല്‍ 5 വരെ സീറ്റുകള്‍ നേടും. ടിവി9 എക്‌സിറ്റ് പോള്‍ പ്രകാരം കര്‍ണാടകയില്‍ 20 എണ്ണം എന്‍ഡിഎയും എട്ട്‌സീറ്റുകള്‍ ഇന്ത്യാ മുന്നണിയും നേടും. ന്യൂസ് 18 പോള്‍ പ്രകാരം 23 മുതല്‍ 26 വരെ സീറ്റ് എന്‍ഡിഎ നേടുമ്പോള്‍ 3 മുതല്‍ 7 വരെ മാത്രം സീറ്റുകളാണ് ഇന്ത്യാ മുന്നണി നേടുക.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *