മലപ്പുറം: യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മലപ്പുറം ജില്ല. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ മുസ്‌ലിം ലീഗ് നിലനിർത്തി. ഇതിനു പുറമേ, വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയ കൂറ്റൻ ഭൂരിപക്ഷത്തിൽ മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളായ ഏറനാടിന്റെയും നിലമ്പൂരിന്റെയും വണ്ടൂരിന്റെയും മികച്ച സംഭാവനയുണ്ട്. മലപ്പുറത്ത് 2.51 ലക്ഷവും പൊന്നാനിയിൽ 2.04 ലക്ഷവുമാണ് ഭൂരിപക്ഷം. ഇനിയും ഒരു റൗണ്ട് എണ്ണാൻ ബാക്കിയുണ്ട്.
2019നെ മറികടന്ന ഭൂരിപക്ഷത്തോടെയാണു എം.പി.അബ്ദുസമദ് സമദാനി പൊന്നാനിയിൽ നിന്നു ഡൽഹിയിലേക്കു ടിക്കറ്റെടുത്തത്. ജന്മനാട് ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുന്ന ഇ.ടി.മുഹമ്മദ് ബഷീറും റെക്കോർഡ് ഭൂരിപക്ഷത്തിലേക്കു കുതിക്കുകയാണ്. 2019ൽ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിനാണു ജയിച്ചത്. 2021ലെ ഉപതിരഞ്ഞടുപ്പിൽ 1.14 ലക്ഷം വോട്ടിനായിരുന്നു ലീഗിന്റെ വിജയം.
കേരളത്തിൽ യുഡിഎഫിനു ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിച്ച രണ്ടു മണ്ഡലങ്ങളിലും മലപ്പുറത്തിന്റെ കയ്യൊപ്പുണ്ട്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വയനാട് മണ്ഡലത്തിൽ മലപ്പുറത്തെ 3 നിയമസഭാ മണ്ഡലങ്ങളുണ്ട്. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്.