പൊന്നാനി: മീൻപിടിത്തത്തിനിടെ ആഴക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി ഹാജ്യാരകത്ത് കബീറിന്‍റെ ഉടമസ്ഥയിലുള്ള മബ്‌റൂഖ് എന്ന ബോട്ടാണ് തൊഴിലാളിയുടെ കാൽ കുടുങ്ങിയതിനെത്തുടർന്ന് കടലിൽ നിർത്തേണ്ടിവന്നത്.
വല ബോട്ടിലേക്കടുപ്പിക്കുന്ന വീഞ്ച് എന്ന യന്ത്രഭാഗത്ത് ബംഗാൾ സ്വദേശി മുബാറഖ് മുന്നയുടെ കാലാണു കുടുങ്ങിയത്. ഇതേത്തുടർന്ന് ഒൻപത് മത്സ്യത്തൊഴിലാളികളുമായി തിരൂർ വാക്കാട് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ ആഴക്കടലിൽ ബോട്ട് കുടുങ്ങിക്കിടന്നു.
ഈ വിവരം വെള്ളിയാഴ്ച അർദ്ധരാത്രി പൊന്നാനി ഫിഷറീസ് കൺട്രോൾറൂമിൽ ലഭിച്ചതിനെത്തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ ടി.ആർ. രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോസ്‌മെന്റിന്‍റെ നേതൃത്വത്തിൽ താനൂർ ഹാർബറിലെ റെസ്ക്യൂ ബോട്ടിലൂടെ റെസ്ക്യൂ ഗാർഡ്‌മാരായ സവാദ്, നൗഷാദ്, സ്രാങ്ക് യൂനിസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. കാലാവസ്ഥ പ്രതികൂലമായതിനാൽ കടലിലൂടെയുള്ള യാത്ര അതീവ ദുർഘടമായിരുന്നു.
എങ്കിലും ഫിഷറീസ് വകുപ്പിന്‍റെ രക്ഷാപ്രവർത്തകരുടെ മനക്കരുത്തിൽ മുന്നോട്ടു നീങ്ങി. ഒമ്പത് മണിക്കൂറിലേറെ നീണ്ട യാത്രക്കൊടുവിലാണ് അപകടത്തിൽപ്പെട്ട ബോട്ട് കണ്ടെത്തിയത്. കാൽ കുടുങ്ങിയ മുബാറഖ് മുന്നയെയും മറ്റു എട്ടുപേരെയും എൻജിൻ തകരാർ സംഭവിച്ച ബോട്ടിനെയും ശനിയാഴ്ച പകൽ പൊന്നാനി ഹാർബറിൽ എത്തിച്ചു. കാലിനു പരിക്കുപറ്റിയ മത്സ്യത്തൊഴിലാളി മുബാറഖ് മുന്നയെ പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി വിട്ടു.