പൊന്നാനി: നഗരസഭാ കാര്യാലയത്തിന്റെ മുകൾനിലകളിലെത്താൻ ഇനി പടവുകൾ കയറി പ്രയാസപ്പെടേണ്ട. ലിഫ്റ്റ് പ്രവർത്തനസജ്ജമായി. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കുമിത് ഏറെ പ്രയോജനപ്പെടും.
വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും നഗരസഭാധ്യക്ഷൻ, സെക്രട്ടറി, എൻജിനീയർ എന്നിവരെ കാണാൻ പടവുകൾ കയറിവേണം മുകളിലെ നിലകളിലെ മുറികളിലെത്താൻ. ലിഫ്റ്റ് പ്രവർത്തനസജ്ജമായതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമായി.
നഗരസഭ ഭിന്നശേഷി വയോജന സൗഹൃദ കേന്ദ്രമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2023-24 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി ലിഫ്റ്റ് സ്ഥാപിച്ചത്. ലിഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.
ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, വാർഡ് കൗൺസിലർ ആബിദ, സൂപ്രണ്ട് അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.