എരമംഗലം: മാറഞ്ചേരി മാറാടിപ്പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. സംസ്ഥാന ബജറ്റിൽ പാലം പുനർനിർമിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയതിന്റെ ഭാഗമായാണു പൊതുമരാമത്തിന്റെ റോഡ്സ് ആൻഡ് ബ്രിജസ് ഉദ്യോഗസ്ഥരുടെ പരിശോധന. മാറഞ്ചേരി പഞ്ചായത്തിലെ മാറഞ്ചേരിയെയും വടമുക്കിനെയും ബന്ധിപ്പിക്കുന്ന മാറാടിയിലെ പാലം വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു.
പി.നന്ദകുമാർ എംഎൽഎയുടെയും മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണു തുക അനുവദിച്ചത്. പാലം നിർമിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. വെള്ളക്കെട്ട് രൂക്ഷമായ അപ്രോച്ച് റോഡ് ഉയർത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ടി.ബീന, പഞ്ചായത്ത് സെക്രട്ടറി ടി.മണികണ്ഠൻ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയിരുന്നു. അതേസമയം, സ്ഥലപരിശോധനയ്ക്ക് എത്തുന്ന വിവരം അറിയിച്ചില്ലെന്ന് യുഡിഎഫ് മെംബർമാർ ആരോപിച്ചു.