എരമംഗലം : കേരളപ്പിറവിക്കു മുമ്പേ പൊന്നാനി-ചാവക്കാട് തീരദേശമേഖലയിൽ രാജ്യത്തിനു വിലമതിക്കാനാവാത്ത സാഹിത്യസംഭാവനകൾ നൽകിയ രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണയിൽ പിറവിയെടുത്ത പാലപ്പെട്ടി ടാഗോർ ഗ്രന്ഥാലയം ആൻഡ് വായനശാല തകർച്ചയിൽ. അധ്യാപകനും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കാലടി മുഹമ്മദിന്റെ നേതൃത്വത്തിൽ പാലപ്പെട്ടി തീരദേശമേഖലയിലെ ഒരുകൂട്ടം അക്ഷരസ്‌നേഹികളുടെ നന്മയിലാണ് 1955-ൽ പാലപ്പെട്ടി ടാഗോർ സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാല തുടങ്ങിയത്.
ഇതിനായി അഞ്ച് സെൻറ് ഭൂമി വാങ്ങുകയും കെട്ടിടം നിർമിക്കുകയും ചെയ്തു. തങ്ങൾക്കുശേഷവും ഈ ഗ്രന്ഥാലയം നാടിന്റെ സാംസ്‌കാരിക മുഖമായി നിലനിൽക്കണമെന്ന ആഗ്രഹത്താൽ വായനശാലയുടെ ഭൂമി പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിന് എഴുതിനൽകി. 1956-ൽ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച വായനശാലയെ ലൈബ്രറി കൗൺസിൽ അംഗീകരിച്ചു. നിലവിൽ ഗവേഷണവിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ഈ ഗ്രന്ഥാലയത്തിൽ 5000-ൽപരം പുസ്തകങ്ങളുണ്ട്. തുടക്കത്തിൽ നിർമിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ ഗ്രാമപ്പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതർ തയ്യാറാകാത്തതിനാൽ കെട്ടിടത്തിന്റെ പലയിടങ്ങളിലായി വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മേൽക്കൂര ഓടുമേഞ്ഞത് പൊട്ടി മഴവെള്ളം അകത്തുകടക്കുന്ന സ്ഥിതിയാണ്. ഏതു നിമിഷവും തകരുമെന്ന സ്ഥിതിയായതിനാൽ വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും അടുത്തുള്ള കെട്ടിടത്തിലെ പീടികമുറിയിൽ വാടക നൽകി സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെയെത്തിയാണ് വായനക്കാർ പുസ്തകം കൊണ്ടുപോകുന്നത്.
കെ.വി. ആസിഫ് പ്രസിഡന്റും പി.എ. മുഹമ്മദാലി സെക്രട്ടറിയുമായ ഭരണസമിതിയാണ് പാലപ്പെട്ടി ടാഗോർ ഗ്രന്ഥാലയം ആൻഡ് വായനശാലയെ നയിക്കുന്നത്. വായനശാലയുടെ പേരിലായിരുന്നു ഭൂമിയെങ്കിൽ ലൈബ്രറി കൗൺസിൽ, രാജാറാം മോഹൻറോയ് ഫൗണ്ടേഷൻ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാനാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ നിലവിൽ പഞ്ചായത്തിന്റെ പേരിലാണ് ഭൂമിയെന്നതാണ് ഇതിനു തടസ്സമാകുന്നത്. വായനശാലകൾക്കും ഗ്രന്ഥശാലകൾക്കും നവീകരണത്തിനും കെട്ടിടം നിർമിക്കുന്നതിനും മറ്റുമായി എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഫണ്ട് ചെലവഴിക്കാമെന്നിരിക്കെ ബന്ധപ്പെട്ടവർ തീരദേശത്തെ ഒരു വായനശാലയോട് അവഗണന തുടരുന്നുവെന്ന ആക്ഷേപമുണ്ട്. ഗ്രന്ഥാലയം സംരക്ഷിക്കണമെന്ന ആവശ്യവുമായി വായനശാലാ ഭാരവാഹികൾ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്.