പൊന്നാനി: പെരുന്നാൾ ആഘോഷിക്കാൻ പൊന്നാനി അഴിമുഖത്തേക്കെത്തിയവരും നാട്ടുകാരും കുരുക്കിൽപെട്ടു. ഓരോ പെരുന്നാളിനും കർമ റോഡിലും പൊന്നാനി അഴിമുഖത്തും ആയിരക്കണക്കിനു ആളുകളെത്താറുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ജില്ലയ്ക്കു പുറത്തുനിന്നും വരുന്നവർ പൊന്നാനിയിലെ അസൗകര്യങ്ങളിൽ വലയുന്ന അവസ്ഥയാണ്. മാസങ്ങൾക്കു മുൻപ് അഴിമുഖത്ത് 2 പോർട്ടബിൾ ശുചിമുറികൾ നിർമിച്ചിരുന്നെങ്കിലും ഇവ ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രാഥമികസൗകര്യങ്ങൾക്കായി ഏറെ ബുദ്ധിമുട്ടുമ്പോഴാണു ശുചിമുറികൾ നോക്കുകുത്തിയായി കിടക്കുന്നത്. പെരുന്നാൾ ദിനത്തിൽ അഴിമുഖത്തേക്കെത്തിയ നൂറുകണക്കിനു വാഹനങ്ങൾ ഇടുങ്ങിയ റോഡിൽ കുരുങ്ങി മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. പൊന്നാനി അങ്ങാടിയിലെ ഇടുങ്ങിയ റോഡും പാലവും അതിലേറെ ദുരിതം തീർത്തു. അഴിമുഖം റോഡിനും വീതി വളരെ കുറവാണ്. അങ്ങാടിപ്പാലത്തിലൂടെ ഒരേ സമയം ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾക്കു കടക്കാൻ കഴിയില്ല. ഇതിനായി ഏറെ നേരം കാത്തുനിൽക്കണം.