വെളിയങ്കോട്: വാഹനങ്ങളുടെ അമിതവേഗം മൂലം നിർമാണം പുരോഗമിക്കുന്ന പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ അപകടം പതിവാകുന്നു. ദേശീയ പാതയുടെ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് താൽക്കാലികമായി പ്രവേശിക്കുന്ന സ്ഥലങ്ങളിലാണ് വാഹനങ്ങൾ കൂട്ടിയിടിക്കുന്നത്. വെളിയങ്കോട് മുതൽ അണ്ടത്തോട് വരെ പ്രധാന റോഡിലെ ടാറിങ് പൂർത്തിയായതോടെ വാഹനങ്ങളുടെ വേഗം കൂടി. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളെ അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും അപകടത്തിൽ മരണം വരെ സംഭവിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുതിയിരുത്തിയിൽ സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ചു മരിച്ചിരുന്നു. 2 മാസത്തിനുള്ളിൽ 3 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒട്ടേറെപ്പേർ പരുക്കേറ്റു ചികിത്സയിലായിരുന്നു. സർവീസ് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്ന ഭാഗങ്ങളിൽ സിഗ്‍നൽ, മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തതാണ് പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.അപകടം ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഹൈവേ അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചു തുടങ്ങി.