വെളിയങ്കോട്: വെളിയങ്കോട്ടെ ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാക്കൾക്കു നാടിന്റെ വിട. വെളിയങ്കോട് പള്ളിത്താഴത്ത് ഷിഹാബിന്റെ മകൻ ആഷിഖ് (20), ഷിഹാബിന്റെ സഹോദരി ഷാഹിദയുടെയും പൊന്നാനി വളവ് കറുകത്തുരുത്തി മാട്ടേരി ഷെരീഫിന്റെയും മകൻ ഫാസിൽ (19) എന്നിവരാണു പൊന്നാനി–ചാവക്കാട് പാതയിലെ വെളിയങ്കോട് സെന്ററിൽ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ദേശീയപാതയുടെ പാലത്തിനായി നിർമിച്ച കോൺക്രീറ്റ് സ്ലാബിന്റെ കമ്പി ശരീരത്തിൽ തുളച്ചുകയറിയാണ് ഇരുവരുടെയും മരണം. വെളിയങ്കോട് അങ്ങാടിയിലെ മതിൽപാലത്തിൽ നിന്നു തിരിച്ചുവരുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് കമ്പിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ 2 പേരുടെയും ശരീരത്തിൽ കമ്പി തുളച്ചു കയറുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ആഷിഖിനെ വെളിയങ്കോട് കോയസ്സൻ മരയ്ക്കാർ ജുമാസ്ജിദിലും ഫാസിലിനെ കറുകത്തിരുത്തി ജുമാമസ്ജിദിലും കബറടക്കി. ഫാസിൽ പാലപ്പെട്ടിയിലെ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫർഹാന, ഷിഫ്ന. ഹസീനയാണ് ആഷിഖിന്റെ മാതാവ്. സഹോദരങ്ങൾ: ആദില, അനു.