തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയുടെ ഗ്രേഡിനൊപ്പം മാർക്കും ഉൾപ്പെടുത്തുന്നത് കൂട്ടായി ചർച്ചചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാർക്ക് ചേർക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സ്‌കോർ പരിഗണിക്കുമെന്ന് ഇപ്പോൾ അഭിപ്രായം ഉയരുന്നുണ്ട്. ഇക്കാര്യം കൂട്ടായി ചർച്ച നടത്തി തീരുമാനിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഹയർസെക്കൻഡറി ആരംഭിച്ചകാലത്ത് പ്രവേശനപ്രക്രിയയിൽ ഉണ്ടായ അശാസ്ത്രീയത മറികടക്കാനാണ് 2007-ൽ ഏകജാലക സംവിധാനം ഏർപ്പെടുത്തിയത്. കേരളത്തിന്റെ പ്രവേശന നടപടികൾ പല സംസ്ഥാനങ്ങളും മാതൃകയാക്കാറുണ്ട്. എങ്കിലും ഈ നടപടിക്രമങ്ങളിൽ പരിഷ്കരണം ആവശ്യമാണോയെന്നതു പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ മുൻഗണനാക്രമത്തിൽ മാത്രമേ പ്രവേശനം സാധ്യമാവൂ. വ്യക്തിഗതമായി ഉയർന്ന സ്കോർ ഉണ്ടെങ്കിലും കുട്ടികൾ ആഗ്രഹിക്കുന്ന സ്കൂളുകളിൽ അവർ ആഗ്രഹിക്കുന്ന കോഴ്സുകളിൽത്തന്നെ പ്രവേശനം ലഭിക്കണമെന്നില്ല.

അകലങ്ങളിലുള്ള സ്കൂളുകളിലും പഠിക്കേണ്ടിവന്നേക്കാം. കൂടുതൽ സ്കൂളുകൾ കുട്ടികൾ ഓപ്റ്റ് ചെയ്തിരുന്നെങ്കിൽ മികച്ച മെറിറ്റുണ്ടായിട്ടും പ്രവേശനം ലഭിച്ചില്ലെന്ന വിഷമം ഒരുപരിധിവരെ ഒഴിവാക്കാനാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *