എരമംഗലം : പൊന്നാനി അഴിമുഖം മുതൽ ജില്ലാ അതിർത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട് വരെ മഴക്കാലമെത്തിയതോടെ കടലേറ്റഭീതിയിൽ കഴിയുകയാണ് തീരദേശവാസികൾ. വ്യാഴാഴ്ച കടലേറ്റം കഴിഞ്ഞദിവസത്തെപ്പോലെ കൂടുതൽ കനത്തില്ലെങ്കിലും പൊന്നാനി മുല്ല റോഡ്, മുറിഞ്ഞഴി, ജീലാനി നഗർ ഭാഗങ്ങളിൽ തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചെത്തി. തീരദേശ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

ചിലയിടങ്ങളിൽ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ സൗകര്യമൊരുക്കി. പുതുപൊന്നാനി കടൽമുറ്റം പാർക്കിനു സമീപത്ത് നഗരസഭ മുൻകൈയെടുത്ത് കടൽവെള്ളം കടലിലേക്കുതന്നെ ചാലുകീറി ഒഴുക്കിവിട്ടു. വെളിയങ്കോട് തണ്ണിത്തുറയിലും തീരദേശവാസികളുടെ നേതൃത്വത്തിൽ അറപ്പത്തോട്ടിലൂടെ വെള്ളം ഒഴുക്കിവിട്ടു. കാപ്പിരിക്കാട് പള്ളിയിലേക്ക് വ്യാഴാഴ്ച വൈകുന്നേരത്തോടെ തിരമാലയെത്തി. വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ, പാലപ്പെട്ടി അജ്‌മീർ നഗർ എന്നിവിടങ്ങളിൽ കടൽ കലിതുള്ളിയില്ല. രാത്രിയോടെ മഴയെത്തിയത് പ്രദേശവാസികൾക്ക് ആശങ്കയേറ്റിയിട്ടുണ്ട്.

കാലവർഷമെത്തിയിട്ടും പൊന്നാനി, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ കടൽഭിത്തി നിർമിക്കാത്ത സ്ഥലങ്ങൾ ഏറെയാണ്. കടൽഭിത്തിക്കായി സംസ്ഥാന സർക്കാർ 10 കോടി പ്രഖ്യാപിച്ചിട്ടും ഇതിന്റെ ഗുണം തീരദേശത്ത് ഇനിയും എത്തിയിട്ടില്ല. ഇതേത്തുടർന്ന് കടലേറ്റത്തിനൊപ്പം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിഷേധത്തിരയും ഉയരുന്നുണ്ട്.

കഴിഞ്ഞദിവസം പൊന്നാനി തഹസിൽദാർ എൻ. ജയന്തി, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു എന്നിവരടങ്ങുന്ന സംഘത്തെ വെളിയങ്കോട് തണ്ണിത്തുറയിൽ തടഞ്ഞുവെച്ച്‌ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തി. കാലവർഷത്തിൽ കടൽ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ റോളാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കടൽകാഴ്ച കണ്ട്‌ ചിത്രമെടുത്ത് പോകുന്നതല്ലാതെ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക അടിയന്തരമായി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് തഹസിൽദാർ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകിയാണ് സംഘം മടങ്ങിയത്.

ഇറിഗേഷൻ വകുപ്പിന്റെ കൂടി നിർദേശം പരിഗണിച്ച്‌ വെള്ളിയാഴ്ചയോടെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക സംബന്ധിച്ച റിപ്പോർട്ട് കൈമാറുമെന്ന് പൊന്നാനി തഹസിൽദാർ എൻ. ജയന്തി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *