പൊന്നാനി : ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിനു ജീവനക്കാനെ നിയമിക്കുന്നതിനും സ്ഥലപരിമിതി പരിഹരിക്കുന്നതിനും നഗരസഭ അടിയന്തര പരിഹാരം കാണണമെന്ന് മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം അടുത്തിടെയാണ് കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയത്. അതിനുശേഷം ഡോക്ടർമാരുടെ ഒഴിവ് നികത്തിയിട്ടില്ല. ആകെയുള്ളത് ഒരു സ്റ്റാഫ് നഴ്‌സ് ആണ്. മൂന്ന് സ്റ്റാഫ് നഴ്‌സുമാരുടെയും ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതുകാരണം വൈകുന്നേരത്തെ ഒ.പി.യുടെ സമയം വെട്ടിക്കുറയ്ക്കുകയാണ്.
കെട്ടിടത്തിനുള്ളിലെ സ്ഥലപരിമിതിയും ഇൻസുലിൻ ലഭ്യമല്ലാത്തതും കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി. ഈഴുവത്തിരുത്തി കുടുംബരോഗ്യകേന്ദ്രത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് നഗരസഭ പരിഹാരം കാണണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം വി. സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സി. ജാഫർ അധ്യക്ഷതവഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, കെ. ശിവരാമൻ, മുസ്തഫ വടമുക്ക്, എ. പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, ജെ.പി. വേലായുധൻ, പി. ഗഫൂർ, സി. സോമൻ, ഉസ്‌മാൻ തെയ്യങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.